Saturday, June 30, 2007

കബനിയുടെ തീരത്തുകൂടി...

കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ വെറുതെ തോന്നിയതാണ് വെട്ടത്തൂരുപോയി കുറച്ച് ഫോട്ടോയെടുത്താലോന്ന്. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ അവിടെയാണ് ചിത്രീകരിച്ചത്. അതുകണ്ടപ്പോള്‍ തോന്നിയ ഒരു ഐഡിയയാണ്. ഇതിനുമുമ്പ് പലപ്പോഴും അവിടെ പോയിട്ടുണ്ടെങ്കിലും പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. വെട്ടത്തൂരെന്ന സ്ഥലം എന്റെ വീട്ടില്‍ നിന്നും വളരെയടുത്താണ്. കബനീനദിയുടെ തീരത്തുള്ള ഒരു കൊച്ചുവനം. അതിന്റെ പരിസരത്ത് താമസിക്കുന്നവരില്‍ ഭൂരിഭാഗവും ആദിവാസികളാണ്. പുഴയുടെ അക്കരെ കര്‍ണ്ണാടക ആയതിനാല്‍ അവരെല്ലാം തന്നെ മലയാളവും കന്നഡയും ഒരു പോലെ സംസാരിക്കും. എന്തായാലും വേണ്ടില്ല, ഞാനും കുഞ്ഞനിയന്‍ കുട്ടായിയും കൂടി അങ്ങനെ നേരെ വെച്ചുപിടിച്ചു.

അങ്ങനെ കാട്ടിലെത്തി. കാടിനുള്ളില്‍ വെച്ച് ഒരു വള്ളികണ്ടപ്പോള്‍ തോന്നിയൊരാഗ്രഹം. അതിന്റെ മേലെ വലിഞ്ഞുകേറിയാല്‍ എങ്ങനെയിരിക്കും..? “എന്നാ വെല്ലേട്ടാ‍യി കേറ്, പോട്ടം ഞാന്‍ പിടിക്കാം” - കുട്ടായിയുടെ ഡയലോഗ്... ഇനിയെന്താലോചിക്കാന്‍..? ദാ വലിഞ്ഞുകേറുകയായി.. :)


അവിടെ നിന്നിറങ്ങി പിന്നേം കാട്ടിലൂടെ..









വെട്ടത്തൂരെത്തിയപ്പോള്‍ കണ്ടു, കബനീനദിയില്‍ വെള്ളം തീരെക്കുറഞ്ഞിരിക്കുന്നു, വേണമെങ്കില്‍ നടന്നുതന്നെ അക്കരെയെത്താം. പുഴയ്‌ക്കക്കരെ കര്‍ണ്ണാടക, മൈസൂര്‍ വനത്തിലേക്കുള്ള കുറുക്കുവഴി...






















സമീപവാസികളുടെ കാലികളെ മേയ്ക്കുന്നത് മിക്കവാറും ഇവിടെയൊക്കെത്തന്നെ, പുല്ലുവെട്ടണ്ട, വൈക്കോല്‍ കൊടുക്കണ്ട, രാവിലെ കൊണ്ടുപോയി കെട്ടുക, വൈകിട്ട് അഴിച്ചുകൊണ്ടുപോരിക. പശുവിന് വയറുനിറയെ പുല്ല്, വീട്ടുകാരന് സമയലാഭം, സാമ്പത്തികലാഭം... രണ്ടുകൂട്ടരും ഹാപ്പി...!



ആകെ ആ മുളങ്കോലിന്റെ അത്രയേയുള്ളൂ.... ഊന്നിപ്പിടിച്ച് തുഴയുന്ന കണ്ടില്ലേ..! കബനിയിലെ സ്ഥിരം കാഴ്‌ചകളിലൊന്ന്...



ചേട്ടനും അനിയനും കൂടി വെള്ളത്തില്‍ ഒരു കളി...­ മൂന്നാമതൊരുത്തനുണ്ടായ­ിരുന്നത് വെള്ളത്തിലേക്ക് എടുത്തുചാടി... അതാണ് അടുത്തൊരു “ഗ്ലും” കാണുന്നത്....


ഗ്ലും...! ലെവന്‍ വെള്ളത്തിലേക്ക് മുങ്ങിയതാ ... ചാടുന്നതിന്റെ പടം പിടിക്കാമെന്നോര്‍ത്തു, എന്തോ വര്‍ത്തമാനം പറഞ്ഞുനിന്നിരുന്നതിനാല്‍ മുങ്ങിക്കഴിഞ്ഞിട്ടാ ക്ലിക്കിയത്... :)



ഇതിനെയാണോ പച്ചവെള്ളം, പച്ചവെള്ളം എന്ന് പറയുന്നത്..?



തിരിച്ചുപോകും വഴി...




കണ്ണില്‍ കണ്ട ഇലയും പൂവും കായുമൊക്കെ ക്ലിക്കീന്നേയുള്ളൂ..­. :)



കാടിനുള്ളിലും വിഷുവിനുള്ള ഒരുക്കമൊക്കെ തുടങ്ങിയായിരുന്നു...


പാറക്കൂട്ടത്തിന്റെ മുകളില്‍ വലിഞ്ഞുകേറി ഒരു പടം പിടിച്ചാലോന്നൊരാലോചന..


ലെവനാണ് ഞാന്‍ നേരത്തെ പറഞ്ഞ കുട്ടായി. നാട്ടിലുള്ളപ്പോള്‍ ഞാന്‍ എങ്ങോട്ട് പോയാലും വാലായി ഇവനും കൂടെയുണ്ടാകും...


വെട്ടത്തൂരുനിന്നും നേരെ വിട്ടത് പുല്‍പ്പള്ളിയിലേക്കാണ്... പുല്‍പ്പള്ളിയിലെ പ്രധാനപ്പെട്ട ക്ഷേത്രമാണ് ശ്രീസീതാദേവീക്ഷേത്രം. സീതാദേവിയുടെ പേരിലുള്ള ഒരേയൊരു ക്ഷേത്രവും ഇതാണെന്ന്‍ തോന്നുന്നു. മുമ്പില്‍ നിന്നും പോട്ടം പിടിച്ചാല്‍ ആരേലും പിടലിക്ക് പിടിച്ചാലോ എന്ന് പേടിച്ച് കുറച്ചകലെ പിറകില്‍ ഒരു മൈതാനത്ത് നിന്നാണ് ഇത് ക്ലിക്കിയത്.



അവിടെ അധികം ചുറ്റിത്തിരിയാതെ നേരെ വീട്ടിലേക്ക് വെച്ചുപിടിച്ചു. വരും വഴി കണ്ട ഒരു ആദിവാസിഗൃഹം... വളരെ ദൂരേന്നെടുത്തതാ.. ഫോക്കസൊന്നും കിട്ടീല്ല.. :(



തിരികെ വീട്ടിലെത്തും വഴി വീടിനോട് ചേര്‍ന്നുള്ള വയലിന്റെ പരിസരത്തുനിന്നും ഒന്നുരണ്ട് ക്ലിക്ക് ക്ലിക്കി.. (ക്ലിക്കിയത് ക്ലിക്കി, ഇനി മേലില്‍ ക്ലിക്കൂല്ല.. :) )



എന്തായാലും ക്ലിക്കി, എന്നാല്‍ പൂശിയേക്കാന്ന് വെച്ചു. അതാണിത് ...


കമുകിന്‍ തോപ്പിനിടയിലൂടെ സൂര്യന്‍ പയ്യെ സ്‌കൂട്ടാകാന്‍ നോക്കുന്നു...! അങ്ങനെ വിടാനൊക്കുമോ..?


തിരിച്ച് വീട്ടിലെത്തി. ഇനി കപ്പ അഥവാ മരച്ചീനി ചെണ്ടന്‍‌പുഴുങ്ങിയത് (വട്ടത്തില്‍ മുറിച്ച് ചെണ്ടയുടെ ആകൃതിയിലുള്ള കഷണങ്ങളാക്കി പുഴുങ്ങുന്നതിന് അങ്ങനെയാണ് എന്റെ നാട്ടില്‍ പറയുന്നത്) കാന്താരിമുളകുടച്ച് വെളിച്ചെണ്ണയില്‍ ചാലിച്ച് ഒരു പിടുത്തമുണ്ട്...! :)


പച്ചാളംസ്... കഴിഞ്ഞ ദിവസം പറഞ്ഞില്ലാരുന്നോ നാട്ടിലെ പടങ്ങള്‍ ബ്ലോഗിലിടാന്‍...? ദാ ഇതാണ് സംഭവം.. :)

22 comments:

ഈയുള്ളവന്‍ said...

കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ വെറുതെ തോന്നിയതാണ് വെട്ടത്തൂരുപോയി കുറച്ച് ഫോട്ടോയെടുത്താലോന്ന്. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ അവിടെയാണ് ചിത്രീകരിച്ചത്. അതുകണ്ടപ്പോള്‍ തോന്നിയ ഒരു ഐഡിയയാണ്. ഇതിനുമുമ്പ് പലപ്പോഴും അവിടെ പോയിട്ടുണ്ടെങ്കിലും പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. എന്തായാലും പോയി ചുമ്മാ അതിലേം ഇതിലേം ചറപറ ക്ലിക്കി കുറെ പടങ്ങളൊപ്പിച്ചു. എന്നാല്‍ പിന്നെ അതങ്ങോട്ട് പോസ്റ്റിയേക്കാമെന്നും വെച്ചു... :)

RR said...

പടങ്ങള്‍ ഒക്കെ നന്നായിട്ടുണ്ട്. അവസാനം ആ കപ്പയുടെ കാര്യം പറഞ്ഞത് അക്രമം ആയി പോയി :(

ഒരു സജഷന്‍. ഇത്രയും പടങ്ങള്‍ ഒരുമിച്ചിട്ടാല്‍ പലര്‍ക്കും അതു ലോഡ് ചെയ്യാന്‍ ഒരുപാട് സമയം എടുക്കും. മോശമില്ലാത്ത സ്പീഡ് ഉള്ള കണക്ഷന്‍ ആയിട്ടു പോലും എനിക്കു കുറേ നേരം എടുത്തു. ഇതു രണ്ടായി പോസ്റ്റ് ചെയ്തു കൂടെ?

RR said...

ഒരു തിരുത്ത് ;)

ഇതു രണ്ടായി പോസ്റ്റ് ചെയ്യണം എന്നല്ല. ഇനി മുതല്‍ ഇങ്ങനെ ഫോട്ടോ പോസ്റ്റ് ഇടുമ്പോഴത്തെ കാര്യം പറഞ്ഞതാ :)

ഈയുള്ളവന്‍ said...

ആറാറുമാഷേ,

ഞാനിവിടെ പിച്ചവെച്ചുവരുന്നതേയുള്ളൂ. അതിന്റെ കുഴപ്പമാ... ഞാനത് മുറിച്ച് രണ്ടോ മൂന്നോ പോസ്റ്റാക്കി ഇടാം.. പോരേ..?
കമന്റിന് നന്ദീട്ടോ... :)

ഈയുള്ളവന്‍ said...

അയ്യോ...

ഞാന്‍ കമന്റിന് മറുപടി ഇട്ടപ്പോഴേക്കും മാഷ് വീണ്ടും കമന്റിയോ..? :) എങ്കില്‍ ശരി, ഇത് മുറിക്കുന്നില്ല, ഇനിയത്തെ പോസ്റ്റ് രണ്ടോ മൂന്നോ ഒക്കെയാക്കി പോസ്റ്റാം. ഇതിന്റെ ഗുട്ടന്‍സൊക്കെ പഠിച്ചുവരുന്നതേയുള്ളെന്നേ.. അതോണ്ടാ...

Anonymous said...

പടങ്ങള്‍ എല്ലാം ഇഷ്ടപ്പെട്ടു, കബനിയുടേത് കൂടുതലിഷ്ടമായി.

കുറുമാന്‍ said...

സുന്ദരന്‍ പടങ്ങള്‍ മാഷെ. കാട്ടിലൂടെ നടന്ന്, വള്ളിയില്‍ ഊഞ്ഞാലാടി, നദിയിലൂടേ ചങ്ങാടം തുഴഞ് അക്കരെ കയറിയപ്പോള്‍ കണ്ട കൊള്ളി അഥവാ കപ്പകിഴങ്ങ്, അതെന്റെ വിശപ്പിനെ ആളിക്കുന്നു........ആരവിടെ, ,ഒരു പ്ലേറ്റ് കപ്പയും, ഇറച്ചിയും പോരട്ടെ.

ഈയുള്ളവന്‍ said...

കുറുജീ,
ആ കപ്പക്കിഴങ്ങിന്റെ പടം അവസാനം കൊണ്ടുപോയി ഇട്ടത് ശരിയായില്ലല്ലോ എന്നൊരു സംശയം എനിക്കു് നേരത്തെ തോന്നിയാരുന്നു. ആരേലും ചീത്ത വിളിക്കുമ്പോള്‍ എടുത്ത് മാറ്റാമെന്ന് കരുതിയിരിക്കുകയായിരുന്നു. (അല്ലേലും ഈ കപ്പ മാത്രമായി ഞാനെവിടെ കൊണ്ടുപോയി ഇടും..? :))

പ്രതിഭാസം said...

ഭായ്...
പിക്കാസയില്‍ കണ്ട പടങ്ങള്‍ തന്നെ. അതിന്റെ കമന്റ് അപ്പോഴേ പറഞ്ഞിരുന്നല്ലോ. ഏതായാലും ബ്ലോഗിലായപ്പോളുള്ള വിശദീകരണം നന്നായി. കുറച്ചുകൂടി ആകായിരുന്നു. ആ വിറ്റുകളൊക്കെ മുഴുവനായി പോരട്ടെ. അല്ലാ ആ കപ്പ അങ്ങനെ പച്ചയ്ക്ക് വെച്ചത് ശരിയായില്ല. ചെണ്ടന്‍ പുഴുങ്ങിയ കപ്പയും മുളകരച്ച ചമ്മന്തിയുടേയും പോട്ടം പിടിച്ചില്ലേ? എവിടുന്ന്, അതടിച്ചു വിടുന്നതിനിടയില്‍ പോട്ടം പിടിക്കാനെവിടെ ടൈമല്ലേ? ഹി ഹി
ഇനിയും പോരട്ടെ!

ഈയുള്ളവന്‍ said...

പ്രതീ,
ഇത് ഇന്നലെ ആപ്പീസിലിരുന്നപ്പോള്‍ തട്ടിക്കൂട്ടിയതാ... അതുകൊണ്ടാ അധികം വിശദീകരിക്കാന്‍ പോകാത്തത്... (പിന്നേ, ഇത്രയും തന്നെ സഹിച്ച ബൂലോഗരെ സമ്മതിക്കണം, പിന്നാ.. :) ) പിന്നെ, കപ്പ ചെണ്ടന്‍ പുഴുങ്ങി കാന്താരിമുളക് വെളിച്ചെണ്ണയില്‍ ചാലിച്ചുടച്ചതിന്റെ പടവും കൂടി ഇട്ടിട്ടുവേണം ഞാനിവിടെ വയറിനു് സുഖമില്ലാതെ ഓടിപ്പാഞ്ഞുനടക്കാന്‍..? (സത്യം പറഞ്ഞാല്‍ പ്രതി പറഞ്ഞത് തന്നെയാ ശരി, അതങ്ങനെ ആസ്വദിച്ചുകഴിക്കുന്നതിനിടയില്‍ ആരുപോകുന്നു പോട്ടം പിടിക്കാന്‍..? :) എങ്കിലും അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഇതിന്റെ പടമെടുത്ത് ബ്ലോഗിലിടുന്നതാണ്. ബ്ലോഗിനൂര്‍ക്കാവിലമ്മയാണേ സത്യം... :)

ഷിജോ ജേക്കബ് said...

ബൈജു,
ചിത്രങ്ങളൊക്കെ അടിപൊളി..
പിന്നൊരു കാര്യം.. ഇനിമുതല്‍ ആ പ്രതിയേ എനിക്കുമുന്‍പേ കമന്റിടാന്‍ സമ്മതിക്കരുത്.. ഇവിടെയും ഞാന്‍ പറയാനിരുന്ന കാര്യം പ്രതി പറഞ്ഞിരിക്കുന്നു..
പിക്കാസാവെബില്‍ കണ്ട അത്രയും വിറ്റുകള്‍ ഇവിടെ ഇല്ല... സമയം ഇത്തിരി എടുത്താലും അതിടൂ കൂട്ടുകാരാ... ഞങ്ങളൊക്കെ അതുവായിച്ച് ചിരിക്കുന്നതില്‍ നഷ്ടമൊന്നുമില്ലല്ലോ?
ഇനിയുമില്ലേ പോട്ടങ്ങള്‍? പോരട്ടങ്ങനെ പോരട്ടെ..

Anonymous said...

മറ്റവന്‍ ബ്ലോഗ് ഡിലിറ്റ് ചെയ്തു. നമ്മടെ ഫോട്ടം മോട്ടിച്ചവനേ...

ഈയുള്ളവന്‍ said...

ങും...
ഞാന്‍ കണ്ടാരുന്നു മാഷേ...
ഞാനൊരു കമന്റുമിട്ട് ഊണുകഴിക്കാന്‍ പോയതാ... തിരിച്ചുവന്നുനോക്കീപ്പോള്‍ കമന്റുമില്ല, പോസ്റ്റുമില്ല... ആടുകിടന്നിടത്ത് പൂടപോലുമില്ലെന്ന് പറഞ്ഞതുപോലായി... :)

വാളൂരാന്‍ said...

പ്രകൃതിയുടെ ഈ നഗ്നത ശരിക്കും മത്തുപിടിപ്പിക്കുന്നു....
ആ അമ്പലം നന്നായില്ല, ഒരേച്ചുകെട്ടുപോലെ.....
ചിത്രങ്ങള്‍ സുന്ദരം സുന്ദരം

ഈയുള്ളവന്‍ said...

മുരളിമാഷേ,

ആ അമ്പലത്തിന്റെ ചിത്രം കുറെ ദൂരെ നിന്നും എടുത്തതാണ്. മാത്രവുമല്ല, അത് അതിന്റെ പിന്‍‌വശവും. മുമ്പില്‍ നിന്നുള്ള ഒരു ദൃശ്യം അടുത്ത തവണ നാട്ടില്‍ ചെല്ലുമ്പോള്‍ ഒപ്പിച്ചെടുക്കാന്‍ ശ്രമിക്കാം. ചിത്രങ്ങള്‍ ഇഷ്‌ടപ്പെട്ടന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം. :)

വേണു venu said...

ഒരിക്കലീ കബനീ നദി ഒന്നു ചൊമന്നിരുന്നു.
കുറേ മനുഷ്യരും.:)

ഈയുള്ളവന്‍ said...

അതെ വേണുമാഷേ,
ബക്കര്‍ കബനീനദി ചുവന്നപ്പോള്‍ എന്നൊരു ചിത്രം നിര്‍മ്മിച്ചിട്ടുണ്ടല്ലോ. ആ കബനീനദി തന്നെയാണ് ഈ കബനിയും. നക്‌സല്‍ വിപ്ലവത്തിന് പേരുകേട്ടിരുന്ന പുല്‍പ്പള്ളിക്കാരനാണ് ഞാനും. ന്ന്വച്ച് നക്‌സലൊന്നുമല്ലാട്ടോ.. :) കമന്റിന് നന്ദി

ശ്രീ said...

ചിത്രങ്ങള്‍‌ എല്ലാം വളരെ നന്നായിട്ടുണ്ട് ട്ടോ
:)

[ nardnahc hsemus ] said...

ഇവിടെകൊടുത്തിരിയ്ക്കുന്ന കബനിയുടെ ചിത്രങ്ങള്‍ എന്റെ മനസ്സില്‍ ഞാന്‍ നേരില്‍കണ്ട്‌ പകര്‍ത്തിവച്ച ചിത്രവുമായി തരതമ്യം ചെയ്യുമ്പ്‌,ഓള്‍ ആകാശവും ഭൂമിയും തമ്മിലുള്ള അന്തരമുണ്ട്‌. കാരണം ഞാന്‍ കബനിയെ കണ്ടത്‌, മൈസൂരിലെ നഞ്ചന്‍ ഗുഡ്‌ എന്ന സ്ഥലത്തുവച്ചാണ്‌. കബനിയ്ക്കവിടെ ഒരു "ഒരു ത്രിവേണി"സംഗമം ഉണ്ട്‌ (അങ്ങനെ മാപ്പില്‍ കണ്ടു, മുന്‍പ്‌ അറിയില്ലായിരുന്നു {http://www.maps-india.com/karnataka/mysore/mysore-map.html}).
അതിനോടടുത്ത്‌ ഒരു ക്ഷേത്രവും.. പക്ഷേ, നദിക്കരയില്‍ അന്ന് ഒരു മനുഷ്യന്റെ ശവം അടിഞ്ഞുകിടക്കുന്നുണ്ടായിരുന്നു.. ഇരുപതുമീറ്റര്‍ അകലെ, അവിടത്തെ ജനങ്ങള്‍ യാതൊരു കൂസലുമില്ലാതെ തുണികളും അലക്കുന്നുണ്ടായിരുന്നു.. എന്റെ കൂടെയുണ്ടായിരുന്ന അവിടത്തുകാരനായ സുഹൃത്ത്‌ പറഞ്ഞത്‌, രണ്ടുദിവസമായിട്ട്‌ ആ ബോഡി അവിടെ കിടക്കുന്നുണ്ടെന്നാണ്‌.. പോലീസുപോയിട്ട്‌, അവിടത്തെ ഗ്രാമവാസികള്‍ പോലും അതിനെ ഇത്ര ലാഘവത്തോടെ കണ്ടപ്പോള്‍, ഞാന്‍ ശരിയ്ക്കും ഭയന്നുപോയിരുന്നു... എവിടെയോ പ്രാകൃതരായ ഒത്തിരിപേരുടെ ഇടയില്‍ ചെന്നുപെട്ടപോലെ ഒരനുഭവമവമായിരുന്നു അന്ന്.. പത്തിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും, ഇടയ്ക്കിടെ, ആ രംഗം മനസ്സില്‍തെളിയാറുണ്ട്‌... അത്രയ്ക്ക്‌ മനസ്സില്‍ പതിഞ്ഞുപോയിരുന്നു, ക്രൂരമായ ഒരു രംഗം.. കബനിയന്ന് അവിടെ പ്ലാസ്റ്റിക്‌ കുംബാരങ്ങളാല്‍ മലിനമാക്കപ്പെട്ട്‌, വളരെ വൃത്തിക്കേടായിക്കിടക്കുകയായിരുന്നു... ഇവിടെ ഇങ്ങനെയൊക്കെ അതേ പേരില്‍ അതേ നദിയെ ഇത്രയും സുന്ദരമായ മുഖത്തോടെ കണ്ടപ്പോള്‍ വിശ്വസിയ്ക്കാനായില്ല...

നല്ല ചിത്രങ്ങള്‍, കബനിയുടെ മറ്റൊരു മുഖം കാട്ടിതന്നതിന്‌ നന്ദി...

Sanal Kumar Sasidharan said...

അയ്യോ എന്നെ കൊതിപ്പിച്ചു കൊല്ലുന്നേ..
ഈ സ്ഥലമെവിടെയാ വഴിയേതാ?

ഹരിയണ്ണന്‍@Hariyannan said...

ആ കബനിയിലെ ചങ്ങാടത്തില്‍ ഒരു പയ്യന്‍ ഒറ്റക്കുനിന്ന് തുഴയുന്ന ചിത്രം അതിമനോഹരമായിത്തോന്നി...

ഈയുള്ളവന്‍ said...

ശീയേച്ചീ,
ചിത്രങ്ങള്‍ ഇഷ്‌ടായീന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം...

സുമേഷ്,
സുമേഷ് പറഞ്ഞത് ശരിയാണ്... മനുഷ്യര്‍ക്കെന്ന പോലെ കബനിയ്‌ക്കും ഒത്തിരി മുഖങ്ങളുണ്ട്... അടിയൊഴുക്കുണ്ടെന്ന് പറയുന്ന ഈ നദിയില്‍ പലരും മരിച്ചിട്ടുണ്ട്... ഒരു കാലത്ത് ഈ നദിയുടെ തീരത്തെ മുളങ്കാടുകള്‍ കാശുവെച്ച് ചീട്ടുകളിക്കുന്ന സംഘങ്ങളുടെ വിരഹകേന്ദ്രമായിരുന്നു.. കൂടുതല്‍ കാശുകിട്ടുന്നവന് തിരികെ വരാന്‍ ബോഡിഗാര്‍ഡുപോലെ ആരെങ്കിലുമൊക്കെ ഇല്ലെങ്കില്‍ അയാളുടെ അവസ്ഥയും സുമേഷ് പറഞ്ഞതുപോലെ പിറ്റേന്ന് മുളങ്കാടുകളുടെ ഇടയിലോ നദീതീരത്തെ ജീവനറ്റ് കിടക്കാനായിരിക്കും... ഏതാണ്ട് ഏഴെട്ടുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരം സംഭവങ്ങള്‍ ഒത്തിരി ഞാനും പറഞ്ഞുകേട്ടിട്ടുണ്ട്... എങ്കിലും കബനിയുടെ സുന്ദരമായ മുഖത്തെ, അതിന്റെ തീരത്തെ നിഷ്കളങ്കരായാ ആദിവാസിസമൂഹത്തെ ഇന്നും ഞങ്ങള്‍ക്കിഷ്ടമാണ്...

സനാതനന്‍,
ഈ സ്ഥലമോ..? ഇത് വയനാട്ടിലെ കബനി എന്ന നദി... കര്‍ണ്ണാ‍ടകയില്‍ കാവേരി എന്നറിയപ്പെടുന്നതും ഈ നദി തന്നെയാണെന്ന് പറയപ്പെടുന്നു.. ഇവിടേയ്‌ക്ക് വരാനായി, കോഴിക്കോട് - സുല്‍ത്താന്‍ ബത്തേരി - പുല്‍പ്പള്ളി - പെരിക്കല്ലൂര്‍ - ഇത്രയും ബസിന് വരാം... പിന്നെ, വെട്ടത്തൂരുവരെ ഏതാണ്ട് ഒന്നൊന്നര കിലോമീറ്റര്‍ നടത്തം.. എന്താ, വരുന്നോ..?

ഹരിയണ്ണന്‍സ്,
ആ ചിത്രമാണ് എനിക്കും ഇഷ്‌ടായത്..